സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ഇ-ഹെല്‍ത്ത് വഴി ഓണ്‍ലൈനായി ഒ.പി ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനം പൂര്‍ണ സജ്ജമായി. ആശുപത്രികളില്‍ ഒ പിക്കുവേണ്ടി ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. യു.എച്ച്.ഐ.ഡി ഉപയോഗിച്ച് ആശുപത്രികളിലെ ഔട്ട് പേഷ്യന്റ് പരിശോധനയും സേവനങ്ങളും ബുക്ക് ചെയ്യാം. പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ഫോണിലൂടെ ഈ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി എംഇ ഹെല്‍ത്ത് (MeHEALTH) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനസജ്ജമാണ്.

ആധാര്‍ നമ്പര്‍ കൊടുത്ത് യു എച്ച് ഐ ഡി ഈ ആപ്പ് വഴി സ്വയം എടുക്കാം. കേരളത്തിലെ ഏത് സര്‍ക്കാര്‍ ആശുപത്രിയിലെയും ഒ പി പരിശോധനക്കുള്ള ടിക്കറ്റ് ആപ്പ് വഴി എടുക്കാം. തൊട്ടടുത്തുള്ള ആശുപത്രികളും 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള സര്‍ക്കാര്‍ ആശുപത്രികളും അവയിലേക്കുള്ള ദൂരവും എളുപ്പത്തില്‍ കണ്ടെത്താം. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ആശുപത്രിയിലേക്കുള്ള റൂട്ടും ആപ്പില്‍ ലഭിക്കും. ഏത് ആശുപത്രികളിലാണ് സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുള്ളതെന്ന് എളുപ്പം അറിയാനും ബുക്ക് ചെയ്യാനും സാധിക്കും. ലാബ് പരിശോധനകള്‍, അവയുടെ നിരക്കുകള്‍, ബ്ലഡ് ബാങ്ക്, പേവാര്‍ഡ്, റേഡിയോളജി, ആംബുലന്‍സ് എന്നീ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രികള്‍, കാരുണ്യ ഫാര്‍മസികള്‍ എന്നിവയുടെ വിവരങ്ങളും അറിയാന്‍ കഴിയും.

*ആപ്പ് ഉപയോഗിക്കേണ്ട വിധം*
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 'MeHEALTH' ആപ്പ് (https://play.google.com/store/apps/details?id=in.gov.kerala.ehealth.mhealth&hl=en_IN) ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഫോണ്‍ നമ്പറും ഒ.ടി.പിയും നല്‍കി ലോഗിന്‍ ചെയ്യുക. ആപ്പില്‍ ആധാര്‍ വിവരങ്ങള്‍ നല്‍കി യുണീക്ക് ഹെല്‍ത്ത് ഐഡി സൃഷ്ടിക്കാം. ഇതിലൂടെ ഓണ്‍ലൈനായി ഒ.പി ടിക്കറ്റും മുന്‍കൂട്ടിയുള്ള അപ്പോയ്‌മെന്റും എടുക്കാം. ആപ്പിന്റെ ഹോം പേജിലെ 'Near By Service' എന്ന ഓപ്ഷനിലൂടെ ആവശ്യമുള്ള സേവനങ്ങള്‍ തിരഞ്ഞെടുക്കാം

യു എച്ച് ഐ ഡി (യൂണിക് ഹെല്‍ത്ത് ഐഡി) ഇതുവരെ എടുത്തിട്ടില്ലാത്തവര്‍ക്ക് ആശുപത്രികളില്‍ ആധാര്‍ കാര്‍ഡ് കൊണ്ടുവന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ യു എച്ച് ഐ ഡി എടുക്കാവുന്നതാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ സേവനങ്ങള്‍ കൂടുതല്‍ കാത്തിരിപ്പില്ലാതെ വേഗത്തിലും സുഗമമായും ലഭ്യമാക്കാന്‍ പൊതുജനങ്ങള്‍ ഈ ഡിജിറ്റല്‍ സംവിധാനം പ്രയോജനപ്പെടുത്തുക.
____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------