തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന വോട്ടർപ്പട്ടികയുടെ തീവ്ര പുനഃപരിശോധനയുടെ (Special Intensive Revision - SIR) ഭാഗമായുള്ള എന്യൂമറേഷൻ ഫോം വിതരണം പലസ്ഥലത്തും നടന്നെങ്കിലും. ഇതിലെ വിവരങ്ങൾ പൂരിപ്പിച്ചു നൽകുന്നതിൽ പൊതുജനങ്ങൾക്ക് കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ഫോം പൂരിപ്പിക്കുന്നതിലെ അവ്യക്തത, സഹായത്തിന്റെ അഭാവം, പട്ടികയിൽ നിന്ന് പുറത്താകുമോ എന്ന ഭയം എന്നിവയാണ് പ്രധാനമായും വോട്ടർമാരെ അലട്ടുന്നത്.
പ്രധാന ആശങ്കകൾ: വ്യക്തതക്കുറവ്, സഹായമില്ലായ്മ
വോട്ടർമാർക്ക് വിതരണം ചെയ്യുന്ന ഫോമുകൾ പൂരിപ്പിക്കേണ്ട രീതിയെക്കുറിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കുന്നില്ലെന്നതാണ് പ്രധാന പരാതി. പലയിടത്തും ബി.എൽ.ഒ.മാർ (ബൂത്ത് ലെവൽ ഓഫീസർമാർ) വീടുകൾ സന്ദർശിച്ച് വേണ്ട സഹായം നൽകുന്നില്ലെന്നും പരാതിയുണ്ട്. ഫോം പൂരിപ്പിച്ച് നൽകാതിരിക്കുകയോ, തെറ്റായി പൂരിപ്പിക്കുകയോ ചെയ്താൽ വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെടുമോ എന്ന ഭയം സാധാരണ വോട്ടർമാർക്കിടയിൽ ശക്തമാണ്.
ചില പ്രദേശങ്ങളിൽ, പൗരത്വം തെളിയിക്കുന്ന രേഖകൾ സംബന്ധിച്ച ചോദ്യങ്ങൾ തെറ്റിദ്ധാരണകൾക്കും കൂടുതൽ ആശങ്കകൾക്കും വഴിവച്ചിട്ടുണ്ട്.
രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ
ഈ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകുകയും അടിയന്തരമായി യോഗം വിളിക്കുകയും ചെയ്തിരുന്നു. പ്രശ്നപരിഹാരത്തിന് ഉദ്യോഗസ്ഥ തലത്തിൽ ഇടപെടൽ ഉണ്ടാകണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പ്രതികരണം
വോട്ടർമാരുടെ ആശങ്കകൾ പരിഹരിക്കുമെന്നും, പട്ടിക പുതുക്കൽ നടപടിക്രമങ്ങൾ സുതാര്യമാക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ ഉറപ്പുനൽകി.
ബി.എൽ.ഒ.മാരുടെ ഇടപെടൽ: എല്ലാ ബി.എൽ.ഒ.മാരും വീടുകൾ സന്ദർശിച്ച് ആവശ്യമായ സഹായം നൽകണമെന്നും, രാത്രിയിലും ഫോം വിതരണം ചെയ്യാൻ തയ്യാറാകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓൺലൈൻ സൗകര്യം: വോട്ടർമാർക്ക് ഓൺലൈനായി ഫോം സമർപ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ അപേക്ഷ നൽകുന്ന ആളുകൾക്ക് ഒരു റസീറ്റ് നൽകുന്നില്ല എന്നുള്ളതാണ് ഓൺലൈൻ വഴി നൽകുന്ന ആളുകൾക്കുള്ള ആശങ്ക. വിവരങ്ങൾ നൽകിയതിന് ഒരു തെളിവ് അവശേഷിക്കുന്നില്ല എന്നുള്ളത് ഭാവിയിൽ പ്രശ്നമാവും എന്നതുകൊണ്ട് പലരും ഇതിനു മുതിരുന്നില്ല.
പ്രവാസി വോട്ടർമാർ: നോർക്കയുമായി സഹകരിച്ച് പ്രവാസി വോട്ടർമാർക്കായി പ്രത്യേക കോൾ സെന്ററും ബോധവൽക്കരണവും ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നു.
അതുമായി ബന്ധപ്പെട്ട് ധാരാളം ബ്ലോഗുകൾ വന്നത് ആളുകൾക്ക് ആശങ്ക വർദ്ധിപ്പിക്കുന്നു. പല ബ്ലോഗർമാരും വിഷയം കൃത്യമായി പഠിക്കാതെ പലതരത്തിൽ പലതും അവതരിപ്പിക്കുന്നത് പൊതുജനങ്ങൾക്ക് അവ്യക്തത ഉണ്ടാക്കുന്നു.
പലരുടെയും പേരുകൾ 2002 വോട്ടർ പട്ടികയിൽ നിന്നും വ്യത്യസ്തമായി മാറ്റം വരുത്തിയതാണ്. ഇത്തരം ആളുകൾ പേര് നൽകുമ്പോൾ നിലവിലെ പേരാണോ അതോ പഴയ പേരാണോ നൽകേണ്ടത് എന്ന ആശങ്ക ബാക്കിനിൽക്കുന്നുണ്ട്.
ഫോം മലയാളത്തിലാണോ ഇംഗ്ലീഷിലാണോ പൂരിപ്പിക്കേണ്ടത് എന്ന ആശങ്കയും പലർക്കും ഉണ്ട്. ചില പേരുകൾ മലയാളത്തിൽ പൂരിപ്പിച്ചാൽ അത് പിന്നീട് ഡാറ്റ എൻട്രി സമയത്ത് പലതരത്തിൽ സ്പെല്ലിംഗ് അടിച്ചു വരുന്നത് ഭാവിയിൽ പ്രശ്നമുണ്ടാകും എന്നുള്ളതും ഒരു ആശങ്കയാണ്.
ഫോമിൽ ബന്ധുക്കൾ ബന്ധുക്കൾ എന്ന് പലതരത്തിലും ആവർത്തിച്ചു വരുന്നത് പൊതുജനങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുന്നതിൽ ആശങ്ക വർദ്ധിപ്പിക്കുന്നു.
ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
ഭാഷാ ന്യൂനപക്ഷങ്ങൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കലക്ടർമാർക്ക് നിർദേശം നൽകി.
വോട്ടർമാർ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും, എല്ലാ വോട്ടർമാർക്കും ആവശ്യമായ സഹായം അധികൃതർ ഉറപ്പാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നടപടികൾ സുഗമമാക്കുന്നതിനായി ഉദ്യോഗസ്ഥർ ബി.എൽ.ഒ.മാർക്കൊപ്പം വീടുകൾ സന്ദർശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

