തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിൽ നിന്നും മണൽവാരൽ പുനരാരംഭിക്കണം എന്ന ആവശ്യം പരിശോധിക്കാൻ നിയമ സെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗ ഉപസമിതി സർക്കാർ രൂപം നൽകി. നിലവിലെ സാഹചര്യത്തിൽ മണൽവാരൽ ആവശ്യമുണ്ടോ എന്ന് പരിശോധിക്കുകയും സാധ്യമെങ്കിൽ ഭേദഗതി നിർദ്ദേശം അടങ്ങുന്ന കരടി ബിൽ തയ്യാറാക്കുകയും ആണ് സമിതിയുടെ ദൗത്യം. സംസ്ഥാനത്തെ 32 നദികളിലെ സാൻഡ് ഓഡിറ്റിങ് പൂർത്തിയായിട്ടുണ്ട്. 12 നദികളിൽ കൂടി പൂർത്തിയാക്കാൻ ഉണ്ട്. ഓഡിറ്റ് പൂർത്തിയായ 17 നദികളിലാണ് മണൽ നിക്ഷേപം കണ്ടെത്തിയത്. അനുകൂല സാഹചര്യം ഉണ്ടാവുകയാണെങ്കിൽ ഒരു വർഷത്തിനകം എങ്കിലും മണൽവാരൽ നടപ്പാക്കാൻ ആണ് സർക്കാർ തീരുമാനം. കേന്ദ്രത്തിന്റെ പുതിയ നിർദ്ദേശപ്രകാരം ജില്ലാതല സർവ്വേ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി മാത്രമേ നദികളിൽ നിന്നും മണൽവാരലിന് അനുമതി നൽകാനാവുക. മണൽ ലഭ്യത ഇല്ലാത്തതുകൊണ്ടുതന്നെ നിലവിൽ കെട്ടിട നിർമ്മാണത്തിന് മണൽ ഉപയോഗിക്കുന്നത് വളരെയധികം കുറവ് വന്നിട്ടുണ്ട്.
