സാമ്പത്തിക പ്രതിസന്ധിയിലായ സപ്ലൈകോ സർക്കാർ സഹായം വൈകിയതോടെ മൂന്നുദിവസം മുമ്പ് മാത്രം ആരംഭിക്കാനായ ക്രിസ്മസ്- പുതുവത്സര ചന്തകളിൽ സബ്സിഡി സാധനങ്ങൾ നാമ മാത്രം. ഉദ്ഘാടന ദിവസം ഇല്ലാതിരുന്ന സാധനങ്ങൾ അടുത്ത ദിവസം എത്തിക്കും എന്ന സപ്ലൈകോയുടെ പ്രഖ്യാപനവും നടപ്പാക്കാൻ സാധിച്ചില്ല. ഉത്സവകാല വിപണി ഇടപെടലിന്റെ ഭാഗമായി നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാനാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് സപ്ലൈകോയുടെ അവകാശവാദം സബ്സിഡി ഇനങ്ങൾ നൽകാനാകാതിരുന്നതോടെ പണി പാളി. ചെറുപയർ കടല മല്ലി വെളിച്ചെണ്ണ എന്നിവ മാത്രമാണ് സബ്സിഡി ഇനങ്ങളിൽ ലഭ്യമായിട്ടുള്ളത്. ഇവ കൂടാതെ തുവരപ്പരിപ്പ് വള്ളക്കടല മട്ട അരി ജയ അരി തേയില എന്നിവയും ലഭ്യമാണെങ്കിലും പൊതുവിപണിയിൽ ഉള്ളതിനേക്കാൾ വിലയിൽ വലിയ അന്തരം ഇല്ല. സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ സഹായിക്കാതെ വന്നതോടെ മൊത്തവിതരണക്കാരുടെ കുടിശിക 800 കോടി രൂപയിൽ എത്തുകയും ടെൻഡർ ബഹിഷ്കരണം പ്രഖ്യാപിക്കുകയും ചെയ്തതാണ് സപ്ലൈകോയുടെ ക്രിസ്മസ് ചന്തയെ പരാജയത്തിലേക്ക് കൊണ്ടുപോയത്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം എറണാകുളം തൃശ്ശൂർ എന്നീ ജില്ലകളിലാണ് സ്പെഷ്യൽ ക്രിസ്മസ്- ന്യൂ ഇയർ ഫെയറുകൾ വ്യാഴാഴ്ച തുറന്നിട്ടുള്ളത്.
_____________________
നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------