ചണ്ഡീഗഡ്∙ ലൈംഗികപീഡനക്കേസിലും കൊലക്കേസിലും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന വിവാദ ആൾദൈവവും ദേര സച്ച സൗധ മേധാവിയുമായ ബാബാ ഗുർമീത് റാം റഹിം സിങ്ങിന് വീണ്ടും പരോൾ അനുവദിച്ചു. 21 ദിവസത്തേക്കാണ് ഇത്തവണ പരോൾ അനുവദിച്ചത്. ഈ വർഷം ഇതു മൂന്നാം തവണയാണ് ബാബാ ഗുർമീതിനു പരോൾ ലഭിക്കുന്നത്. നിലവിൽ റോത്തക്കിലെ സുനാരിയ ജയിലിലുള്ള ഗുർമീത്, പരോൾ ലഭിച്ച് ജയിലിൽനിന്ന് പുറത്തിറങ്ങി ഉത്തർപ്രദേശിലെ ഷാ സത്‍നാം ആശ്രമത്തിലേക്കു മാറിയേക്കും. ആശ്രമത്തിലെ ശിഷ്യകളെ പീഡിപ്പിച്ചതിന്  2017 മുതൽ 20 വർഷത്തെ ശിക്ഷ അനുഭവിക്കുന്ന ബാബാ ഗുർമീതിന് ദേര മാനേജരായിരുന്ന രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.